Unordered List

* ഓണം പ്രമാണിച്ച് 5 കിലോ അരി വിതരണവുമയ് ബന്ടപെട്ട സര്കുലർ 

*  ഓണം ബോണസ് അഡ്വാൻസ് എന്നിവ പ്രോസസ് ചെയ്യുന്ന വിധം 

Tuesday, 27 August 2013

കുവൈറ്റ്‌ പ്രാര്‍ത്ഥന ഒരു ഓര്‍മ്മ കുറിപ്പ്


പഴയ തടി അലമാര അടുക്കിയപ്പോള്‍ കുറെ പേപ്പറുകള്‍ക്കിടയില്‍ പൊടിപിടിച്ചു കിടന്ന എന്റെ ഒരു ആദ്യ കാല സാഹിത്യ രചന കണ്ടു. ഇരുപതു വര്ഷം മുന്‍പ് കുത്തിക്കുറിച്ചത്…
ഞാന്‍ എന്ന യുവ കഥാകാരന്‍ എഴുതി…
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറാമാണ്ട്. ഇറാക്കി പ്രസിഡന്ടു സദ്ദാം ‍ ഹുസ്സൈൻ കുവൈറ്റ് പിടിച്ചടക്കിയ സമയം. ജോർജ്ജ് ബുഷിന്റെ അമേരിക്കന്‍ സേന ഇറാക്കിലേക്ക് സ്കഡ് മിസൈലുകളും പേട്രിയോട്ടുകളും വിക്ഷേപിക്കയും ബോംബുകള്‍ വർഷിക്കയും ചെയ്ത കാലഘട്ടം.
ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ ഭീതിയും ആകാംക്ഷയും നിറഞ്ഞു നിന്നു. ടെലിവിഷനില്‍ കൂടിയും റേഡിയോയിലൂടെയും യുദ്ധ വിശേഷങ്ങള്‍ നമ്മള്‍ അറിഞ്ഞു കൊണ്ടിരുന്നു. കുവൈറ്റിലുള്ള നമ്മുടെ ബന്ധുക്കളെ ഫോണില്‍ കൂടെയോ കത്തു മുഖേനയൊ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യാ ഗവർമെന്റ് ജോർദ്ദാനിലേയ്ക്ക് പ്രത്യേക വിമാനം അയച്ചു കുവൈറ്റില്‍ നിന്നും ജോർദ്ദാനില്‍ നിന്നും എത്തിയിരുന്ന നമ്മുടെ സഹോദരങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു. കൊടും യാതനകളുടെ കഥകള്‍. ട്രക്കില്‍ കയറി ജോർദ്ദാനില്‍ എത്തിയിട്ടു അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ശേഷം വിമാന മാര്‍ഗം നാട്ടില്‍ എത്തിയിരുന്നു. ജീവ രക്ഷാര്‍ഥമുള്ള പരക്കം പാച്ചില്‍. സകലതും ഉപേക്ഷിച്ച്.
മധ്യതിരുവിതാംകൂറിലെ കോഴഞ്ചേരി എന്ന സ്ഥലത്തിന്റെ പ്രാന്ത പ്രദേശമായ പുന്നക്കാട് എന്ന ഗ്രാമം കുവൈറ്റിലെ ഈ സംഭവ വികാസങ്ങള്‍ മൂലം ആടിയുലഞ്ഞു. മധ്യകേരളത്തില്‍ നിന്നും അക്കാലത്ത് കുവൈറ്റിലുണ്ടായിരുന്ന മലയാളികളില്‍ ഒരു നല്ല വിഭാഗം കോഴഞ്ചേരിയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമായിരുന്നു.
കുവൈറ്റിലെ കോഴഞ്ചേരി മലയാളികളെക്കുറിച്ച് അന്നു പല കഥകള്‍ ഞാന്‍ കേട്ടിരുന്നു. കുവൈറ്റില്‍ ഒരു കോഴഞ്ചേരി സ്ട്രീറ്റ് ഉണ്ടായിരുന്നു എന്നാണു അതില്‍ ഒന്ന്. സത്യമാണോ എന്നെനിക്കറിയില്ല. ഒരു പക്ഷെ ഒരു ദേശസ്നേഹിയായ കുവൈറ്റുകാരന്‍ വെറുതെ പടച്ചു വിട്ടതാകാം. ഒരിക്കല്‍ ഒരു കുവൈറ്റുകാരന്‍ പറഞ്ഞു കെ. ഒ. സി. (കുവൈറ്റ് ഓയില്‍ കമ്പനി) യുടെ പേര് മാറ്റി കേരള ഓയില്‍ കമ്പനി എന്നും പിന്നീട് കോഴഞ്ചേരി ഓയില്‍ കമ്പനി എന്നുമാക്കി അത്രേ. ഇതൊരു തമാശയാ യിരുന്നുവെങ്കിലും കുവൈറ്റിലെ കോഴഞ്ചേരിക്കാരുടെ അംഗ ബലത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പരാമര്‍ശം.
സ്ഥലം ക്രിസ്തീയ ദേവാലയത്തിലെ ജനങ്ങളും വളരെ ആകാംക്ഷാഭരിതരായിരുന്നു.. കാരണം മിക്ക വീടുകളില്‍ നിന്നും ഒരാളെങ്കിലുമുണ്ട്
കുവൈറ്റില്‍. പള്ളി പുതുക്കി പണിതതും, മതില്‍ കെട്ടിയതും, പള്ളി വക മിഡില്‍ സ്കൂള്‍ കെട്ടിടം പുനര്‍ നിര്‍മ്മിച്ചതും അവര്‍ അയച്ചു തന്ന പണം കൊണ്ടായിരുന്നു.
വീടുകളില്‍ ശ്മശാന മൂകത. കവലയില്‍ കുവൈറ്റും ഇറാക്കും യുദ്ധവുമൊക്കെ തന്നെ ചര്‍ച്ചാ വിഷയം. ചട്ടന്‍ തോമയുടെ റേഷന്‍ കടയില്‍, പോസ്ടാഫീസിന്റെ വരാന്തയില്‍, ഭാസ്കരന്റെ ചായക്കടയില്‍ എല്ലാം.
“എന്റെ കര്‍ത്താവേ എന്റെ കുഞ്ഞുങ്ങളെക്കുറിച്ചു ഒരു വിവരോമില്ല”
“ഈ മാസം പതിനാറാംതിയ വരുമെന്ന് കാണിച്ചു രണ്ടു മാസം മുമ്പേ ഒരു കത്തു വന്നു. അത് കഴിഞ്ഞു ഒന്നും അറിഞ്ഞിട്ടില്ല”
മകന്‍ സൈമച്ചനും കുടുംബവും കുവൈറ്റിലുള്ള മേരി ചേടത്തിയുടെ കണ്ണ് നനഞ്ഞു.
“കര്‍ത്താവ് എന്റെ കണ്ണീര് കാണാതിരിക്കില്ല. എന്റെ കുഞ്ഞുഞ്ഞള്‍ക്ക് ഒരാപത്തും വരുത്തില്ല. ആ കൊച്ചു കുഞ്ഞുങ്ങടെ കാര്യം ഓര്‍ക്കുമ്പോഴാ എനിക്ക് വിഷമം. അതുങ്ങളെ ഇതു വരെ ഒന്ന് കാണാന്‍ പോലും പറ്റീട്ടില്ല. രണ്ടും അവിടാ ഒണ്ടായത്.” മകന്‍ രാജനെയും കുടുംബത്തെയും ഓര്‍ത്തു വിലപിക്കുന്ന തോശാ ചേടത്തി.
പള്ളിയിലെ സ്ത്രീജന കൂട്ടായ്മ ഒരു തീരുമാനമെടുത്തു. കുവൈറ്റില്‍ കഷ്ട്ടപ്പെടുന്ന നമ്മുടെ മക്കള്‍ക്കുവേണ്ടി ഒരു പ്രാര്‍ഥനാ യോഗം. ‘കുവൈറ്റു പ്രാര്‍ഥന’. എല്ലാ ശനിയാഴ്ചയും രാത്രി ഏഴു മണിക്ക്.
“ആദ്യ പ്രാര്‍ഥന എന്റെ വീട്ടില്‍ തന്നെ വേണം”. തോശാ ചേടത്തി നിര്‍ബന്ധം പിടിച്ചു.
കന്നി പ്രാര്‍ഥനയ്ക്ക് വലിയ ജനക്കൂട്ടം. അതില്‍ സ്ത്രീജന കൂട്ടായ്മ സെക്രട്ടറിയായ ഞാനും. തിണ്ണയ്ക്ക് സ്ഥലമില്ലാതെ മുറ്റത്ത് കസേര ഇടേണ്ടി വന്നു. എല്ലാവരും വികാരഭരിതര്‍. മണിക്കൂറുകൾ നീണ്ട പ്രാര്‍ഥന, അനേക വിഷയങ്ങളെക്കുറിച്ച്, സദ്ദാം ഹുസ്സെനു നല്ല ബുദ്ധി തോന്നി കുവൈറ്റില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍, അമേരിക്കന്‍ സേനയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍, ടയോട്ട സണ്ണിക്ക് വേണ്ടി (കുവൈറ്റില്‍ ടയോട്ടാ കാര്‍ ഡീലര്‍ഷിപ്പ് നടത്തുന്ന അദ്ദേഹം ആ സമയം മലയാളികളെ ഇന്ത്യയിലേക്ക് കയറ്റി വിടാന്‍ സഹായിച്ചിരുന്നു)
താറാ മുതുക്കി എന്നെല്ലാവരും വിളിക്കുന്ന സാറാമ്മ ലൂക്കോസിന് പ്രാര്‍ഥന നാവിന്‍ തുമ്പത്ത്.അവരുടെയായിരുന്നു ആദ്യ ഊഴം.
“ദൈവമേ ഞങ്ങടെ മക്കള്‍ കുവൈറ്റില്‍ കിടന്നു കഷ്ട്ടപ്പെടുന്നു” “നന്ദിയോടു സ്തോത്രം ചെയ്യുന്നു”
ഓരോ വാചകത്തിന് ശേഷവും “നന്ദിയോടു സ്തോത്രം ചെയ്യന്നു” എന്നു ചേര്‍ക്കും. അതവരുടെ പതിവാണ്.
അവരുടെ അടുത്തിരുന്ന മറിയാമ്മ സാറിന്റെ ഊറിയ ചിരി ഞാന്‍ ശ്രദ്ധിച്ചു. താറാ മുതുക്കി തുടര്‍ന്നു.
“കര്‍ത്താവേ അവര്‍ക്ക് കുവേറ്റീന്നു രക്ഷ പെടാനുള്ള മാര്‍ഗങ്ങള്‍ ഒക്കെയും അടഞ്ഞിരിക്കുന്നു.” “നന്ദിയോടു സ്തോത്രം ചെയ്യുന്നു”
അവര്‍ കൂടുതല്‍ നന്ദി വാക്കുകള്‍ അനവസരത്തില്‍ പ്രയോഗിക്കുമെന്ന് തോന്നിയിട്ടു ഞാന്‍ അവരുടെ പ്രുഷ്ട ഭാഗത്ത് ഒരു നുള്ളു വച്ചു കൊടുത്തു. കാര്യം മനസ്സിലാക്കിയിട്ടോ എന്തോ അവരു പ്രാര്‍ഥന പെട്ടന്നവസാനിച്ചു.
അടുത്ത പ്രാര്‍ഥന ഒരു തോമസുകുട്ടിച്ചായന്റെ വീട്ടില്‍. ഒറ്റ മകന്‍ കുര്യന്‍ വര്‍ഗീസ് കുവൈറ്റില്‍ പോയിട്ട് അധികം കാലമായിട്ടില്ല.
“അവനു അവിടെ പോയിട്ട് യാതൊരാവശ്യോം ഇല്ലാരുന്നു. ബി.കോം. കഴിഞഞപ്പം എന്റെ തുണിക്കടേം നടത്തി ഇവിടെ എങ്ങാനും നില്‍ക്കാന്‍ പറഞ്ഞതാ, കേട്ടില്ല. അവിടെ അവനു അത്ര നല്ല ജോലിയൊന്നുമല്ല”.അദ്ദേഹം തൊണ്ടയിടറി പറഞ്ഞു.
അന്നു പ്രാര്‍ഥനയ്ക്ക് വന്നവര്‍ വളരെ സന്തോഷത്തില്‍. കാരണം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഐ. കെ.ഗുജ്റാള്‍ കുവൈറ്റിലേക്ക് പോകുന്നു. ഒരു വിമാനം നിറയെ കത്തുകളുമായി തിരികെ വരുന്നെന്ന്.അന്നത്തെ പ്രാര്‍ഥന മുഴുവന്‍ ഗുജരാളിന്റെ ഈ സാഹസിക സംരംഭത്തെക്കുറിച്ച്.
“കുജറാള്‍ ഒരു ദൈവ ദൂതനാണ് അല്ലെങ്കില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഈ സമയത്ത് കുവൈറ്റില്‍ പോകുമാരുന്നോ” താറാ മുതുക്കിയുടെ അഭിപ്രായം.
അടുത്ത പ്രാര്‍ഥന താഴെക്കുറ്റെ ജോണിയുടെ വീട്ടിലായിരുന്നു. ജോണിയുടെ അച്ഛന്‍ മാത്തനും ഭാര്യയും മാത്രമേ വീട്ടില്‍ ഉള്ളു. ജോണി കുവൈറ്റിലും മറ്റു രണ്ടു സഹോദരര്‍ ദുബായിലുമാണ്.അന്ന് പ്രാര്‍ഥനയ്ക്ക് വന്നവര്‍ക്കെല്ലാം പെരുത്ത സന്തോഷം. കാരണം പലര്‍ക്കും ‘കുജറാലിന്റെ കത്തു’ കിട്ടിയിരിക്കുന്നു.
“ജോണി ഇപ്പോള്‍ ജോർദ്ദാനിലാണ്. ഇറാക്കി പട്ടാളക്കാര്‍ അവന്റെ അപ്പാർട്മെന്റ്‌ കൊള്ളയടിച്ചു. ഒരു അറബിയുടെ ട്രക്കില്‍ കയറി കഷ്ട്ടപ്പെട്ടാണ് ജോർദ്ദാനില്‍ എത്തിയത്”. മാത്തച്ചന്റെ വാക്കുകളില്‍ ദുഖവും ഭീതിയും.
ദൈവം ‘കുജറാളിലൂടെ’പ്രവര്‍ത്തിച്ചതിന്, ‘കടന്നു വന്നവര്’ എല്ലാം വളരെ നന്ദിയുള്ളവരായിരുന്നു.
ഇറാക്കിന്റെ ഈ കുവൈറ്റ്‌ ആക്രമണം എന്റെ ഈ കൊച്ചു ഗ്രാമത്തെ ആകെ മാനസാന്തരപ്പെടുത്തിയിരിക്കുന്നു.വീടുകളില്‍ എല്ലാം കൃത്യമായ സന്ധ്യാ പ്രാര്‍ഥന. അയല്‍ വാസികളും ബദ്ധശത്രുക്കളുമായിരുന്ന അടിമുറിയിലെ പൊടിച്ചായനും (കുട്ടികള്‍ കളിയാക്കി ഇന്ഗ്ലിഷിലെ ഡസ്റ്റ് എന്നാണു അദേഹത്തെ വിളിച്ചിരുന്നത്‌) തടത്തിലെ കറിയാച്ചനും തമ്മില്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി. കാരണം രണ്ടു പേരും പൊരുതുന്നത് ഒരു പൊതു ശത്രുവിനെതിരെയാണ്.ശക്തനായ സദ്ദാം ഹുസ്സെന്‍. രണ്ടു പേരും പ്രാര്‍ഥനയ്ക്ക് വരുന്നുമുണ്ട്. രാത്രിയില്‍ പ്രാര്‍ഥനയ്ക്ക് പോകുമ്പോള്‍ കറിയാച്ചന് ടോര്‍ച്ചു വെട്ടം തെളിച്ചു കൊടുക്കുന്നത് ഇപ്പോള്‍ പൊടിച്ചാനാണ്. കറിയാച്ചന് കണ്ണിനു കാഴ്ച കുറവും പാമ്പിനെ പേടിയുമാണ്.
കുളങ്ങര മഠത്തിലെ അന്നമ്മ സാറിന്റെ വീടിനു ചുറ്റും പത്തടിയില്‍ കെട്ടിയ കരിങ്കല്‍ മതില്‍ ഉണ്ടായിരുന്നു.കാവലിനു കൂറ്റന്‍ രണ്ടു അൽസേഷ്യൻ നായ്ക്കളും. മലേഷ്യയില്‍ നിന്നും നാട്ടില്‍ വന്നു താമസിക്കയാണ്. ഭര്‍ത്താവ് പാപ്പച്ചന്‍ മരിച്ച ശേഷം തനിയെയാണ് താമസം. ഒരേയൊരു മകന്‍ സണ്ണി കുവൈറ്റിലാണ്. ആ പടു കൂറ്റന്‍ ബംഗ്ലാവിന്റെ ഗേറ്റ് ഒരിക്കലും തുറന്നിട്ടിരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ആരെങ്കിലും ഗേറ്റ് തുറന്നു വളപ്പില്‍ കയറിയാല്‍ നായ്ക്കളെ അഴിച്ചു വിടും. അതിനാല്‍ ഭിക്ഷക്കാര്‍ കയറി ചെല്ലാന്‍ മടിച്ചിരുന്നു. ഇപ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാം. കുഴപ്പമുണ്ടായത് നായ്ക്കള്‍ക്ക് മാത്രം. പകല്‍ മുഴുവന്‍ കൂട്ടില്‍ കിടക്കേണ്ട ഗതികേട്. ഇപ്പോള്‍ വരാന്തയില്‍ എപ്പോഴും ഒന്നു രണ്ടു പേരു കാണും, ചൂടുള്ള യുദ്ധ വാര്‍ത്തകളുമായി.
അന്നമ്മ സാറ് ‘അറുത്ത കൈക്ക് ഉപ്പു തേക്കില്ല’ എന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം മാറി. ഭിക്ഷക്കാര്‍ക്ക് ഇന്ന് സന്തോഷമാണ്. അവര്‍ക്ക് അരിയും പൈസയും ധാരാളം ലഭിക്കുന്നു.
“സംഭാവന കൊടുക്കുന്നവര്‍ അന്നമ്മ സാറിനെ കണ്ടു പഠിക്കണം”
പുലരി ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ സെക്ക്രട്ടറി രാജു കരിപ്പള്ളില്‍ പറയുന്നതു കേട്ടു.രാജുവും കൂട്ടരും ‘കുവൈറ്റ് സഹായ ഫണ്ട്’ പിരിക്കയാണ്. കുവൈറ്റിലുള്ള നാട്ടുകാരുടെ ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം പകരാന്‍. ‘പുര വേകുമ്പോള്‍ വാഴ വെട്ടുന്നവര്‍’.
ഇന്നത്തെ പ്രാര്‍ഥന അന്നമ്മ സാറിന്റെ വീട്ടില്‍. പുതു മണം മാറാത്ത ബൈബിള്‍ ഞാന്‍ ശ്രദ്ധിച്ചു.പുതുതായി വാങ്ങിയതാണ് ഒരു ഡസന്‍.
ഇന്ന് എല്ലാവര്ക്കും ഒരു പുത്തന്‍ ഉണര്‍വ്. കാരണം പലരും കുവൈറ്റില്‍ നിന്നും തിരികെ എത്തി തുടങ്ങി. താഴേക്കൂറ്റെ ജോണിയും തെക്കേ വീട്ടിലെ ജോമോനും കുടുംബവും തിരികെ എത്തി.
“സണ്ണിയും കുടുംബവും പത്താന്തിയ എത്തും ദൈവം എന്റെ നിലവിളി കേട്ടു”. അന്നമ്മ സാറിന്റെ മുഖത്തു നന്ദി കലര്‍ന്ന പുഞ്ചിരി.
ഈ ആഴ്ചത്തെ പ്രാര്‍ഥന എന്റെ വീട്ടില്‍. ആളു വളരെ കുറവ്. അന്നമ്മ സാറിനെയും താഴെക്കുറ്റെ മാത്തനെയും മറ്റു പലരെയും കണ്ടില്ല. എല്ലാവരും മക്കള് തിരികെ വന്നതിന്റെ തിരക്കില്‍ .
“അന്നമ്മ സാറും സണ്ണീം വേളാങ്കണ്ണിക്ക് പോയെന്നു കേട്ടു” താറാ മുതുക്കി പറഞ്ഞു.
ഓരോ ആഴ്ച കഴിയുന്തോറും കുവൈറ്റില്‍ നിന്നും തിരികെ വരുന്നവരുടെ അംഗ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു.വീടുകളില്‍ ഉത്സാഹ തിമർപ്പ്‌. കവലകള്‍ സംസാര മുഖരിതം. ഭാസ്കരന്റെ ചായ പീടികയുടെ തിണ്ണയില്‍ തിരികെ എത്തിയ കുവൈറ്റുകാരുടെ വീര സാഹസിക കഥകളുടെ കേളി കൊട്ട്.
ബാര്‍ബര്‍ നാരായണന്റെ കടയുടെ മുന്‍പില്‍ ആളുകള് കൂടി നില്‍ക്കുന്നതു കണ്ടു ഞാന്‍ അങ്ങോട്ടു ചെന്നു നോക്കി. തെക്കേ വീട്ടിലെ ജോമോന്‍ എന്തോ കൈയില്‍ പൊക്കി പിടിച്ചു പ്രദര്ശിപ്പിക്കയാണ്.ഒരു പട്ടാളക്കാരന്റെ ഹെല്‍മെറ്റ്. യുദ്ധം തുടങ്ങിയപ്പോള്‍ കുറെ ദിവസം ജോമോനും കൂട്ടുകാരും അപ്പാര്‍ടുമെന്ടു വിട്ടു സുഹ്രുത്തിന്റെ വീട്ടില്‍ പോയി താമസിച്ചു. ആ സമയം ഇറാക്കി പട്ടാളക്കാര്‍ ജോമോന്റെ അപ്പാര്‍ട്ടുമെന്റില്‍ കയറി സകലതും കൊള്ളയടിച്ചു. അതിലൊരു പട്ടാളക്കാരന്‍ മറന്നു വെച്ചു പോയ ഹെല്‍മെറ്റാണ്. ജോമോന്‍ അത് പൊന്നു പോലെ സൂക്ഷിക്കുന്നു. കുവൈറ്റ് യുദ്ധത്തിന്റെ സ്മാരകമായി. അത് കാണാനും ഒന്നു തൊട്ടു നോക്കാനും ആളുകളുടെ തിരക്ക്. ‘കാലിഫോര്‍ണിയ അച്ചായന്‍’എന്നറിയപ്പെടുന്ന ബേബിച്ചായന്‍ അതിനു വില പറയുന്നതു കണ്ടു. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന ‘അച്ചായന്’ കരകൌശല വസ്തുക്കള്‍ ഒരു ഹരമാണ്. ജോമോന്‍ അതു കൊടുക്കാന്‍ തയാറായില്ല.
പ്രവാസികളുടെ തിരിച്ചു വരവ് കൂടിയതോടു കൂടി “കുവൈറ്റ് പ്രാര്‍ഥന’ യുടെ അംഗ ബലം അനുദിനം കുറഞ്ഞു വന്നു.
“എന്തു പറ്റി പ്രാര്‍ഥനയ്ക്ക്,ഒന്നും കാണുന്നില്ലല്ലോ”
ഞാന്‍ തോശാ ചെടത്തിയെ പള്ളിയില്‍ കണ്ടപ്പോള്‍ ചോദിച്ചു.
“എന്തോ പറയാനാ എന്റെ കുഞ്ഞമ്മ സാറേ, രാജന്‍ വന്നെപ്പിന്നെ നിന്നു തിരിയാന്‍ സമയമില്ല”
“അവന്റെ ഏളെ കൊച്ചിനാണേല്‍ അസുഖമൊഴിഞ്ഞ നേരോമില്ല”
അങ്ങനെ ഓരോ ദിവസവും‘പിന്മാററക്കാരുടെ’ അംഗ സംഖ്യ വര്‍ധിച്ചു വന്നു. ഓരോരോ ഒഴിവു കഴിവുകള് പ്രാര്‍ഥനയ്ക്ക് പോകാതിരിക്കാന്‍. പൊടിച്ചായനും കറിയാച്ചനും രാത്രിയില്‍ ഇപ്പോള്‍ തീരെ കണ്ണ് കാണാന്‍ വയ്യ. കൂടെ ചെവി കേള്‍ക്കാനും. താഴെക്കൂട്ടെ മാത്തന് ശനിയാഴ്ച രാത്രികളില്‍ മാത്രം കലശലായ വാതത്തിന്റെ അസുഖം. തോമസുകുട്ടിച്ചായനു പെട്ടെന്ന് ദൈവ വിശ്വാസം കുറഞ്ഞത്രെ. അങ്ങനെ ഓരോരോ കാരണങ്ങള്‍.
ഇന്നത്തെ പ്രാര്‍ത്ഥന അന്നമ്മ സാറിന്റെ വീട്ടില്‍. താറാ മുതുക്കിയും ഞാനും കൂടി കൃത്യ സമയത്ത് തന്നെ അവിടെ എത്തി.
ഇന്നു ഗേറ്റ് പൂട്ടിക്കിടന്നു. അൽസേഷ്യൻ നായ്ക്കളെ പൂട്ടിയിരുന്നില്ല.
ഞങ്ങള്‍ കുറെ നേരം വെളിയില്‍ നിന്നു. പട്ടികളുടെ കുര കേട്ട് അന്നമ്മ സാറു വന്നു ഗേറ്റ് തുറന്നു.
“കൂട്ടി കിടന്നു കൈസറും മോണാലിസയും മടുത്തു”. “അതുകൊണ്ട് ഇപ്പോ അഴിച്ചു വിട്ടിരിക്കയാ”
“അതുമല്ല കൂട്ടിലിട്ടു വളര്‍ത്തിയാല്‍ പട്ടികള്‍ക്ക് ഡിപ്പ്രഷന്‍ കൂടും”
“മലേഷ്യയില്‍ വച്ച് എനിക്ക് ഒരു പട്ടിയുണ്ടായിരുന്നു, പൊമേറിയാൻ ” “ഞങ്ങള്‍ രണ്ടാഴ്ച ജപ്പാനില്‍ പോയി മടങ്ങി വന്നു ഒരാഴ്ചക്കകം അവന്‍ ചത്തു”. “കൂട്ടിലിട്ടിട്ടു ഒരു തമിഴനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് പോയതാ”
“ഡിപ്പ്രഷനായിരുന്നു എന്നാണ് ചൈനാക്കാരന്‍ വെറ്റിനറി ഡോക്ടര് പറഞ്ഞത്”.
ഒരു മണിക്കൂറിരുന്നിട്ടും ആരും വന്നില്ല. ഞാനും താറാ മുതുക്കിയും മാത്രം.
“ഞങ്ങളിറങ്ങുന്നു” ഞാന്‍ പറഞ്ഞു.
“എന്നാലങ്ങനെയാട്ട്, ആരും വരുമെന്ന് തോന്നുന്നില്ല”. അന്നമ്മ സാര്‍.
ഒരു കാപ്പി കുടിച്ചിട്ട് പോകാം എന്നവര്‍ പറഞ്ഞില്ല.
പരിഭവിച്ചിട്ടു കാര്യമില്ല. കുറെ മാസങ്ങളില്‍ വിഭവ സമ്രുദ്ധമായ ഭക്ഷണം കഴിച്ചതല്ലേ. കോഴിയും, ആടും,മാടും, ഫ്രൈഡ്‌ റൈസ്സുമെല്ലാം.
എല്ലാം ആ സദ്ദാം ഹുസൈന്റെ സഹായം കൊണ്ട്.
അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു.
‘ഫോർ എവരിതിങ്ങ് ദേർ ഈസ് എ സീസൺ’ എന്നാണല്ലോ ഇന്ഗ്ലിഷിലെ പഴമൊഴി.
എല്ലാറ്റിനും ഒരു കാലം.
“നടാനൊരു കാലം, നനയ്ക്കാനൊരുകാലം, വിളവെടുക്കാനൊരു കാലം” എന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു.
കുവൈറ്റ് യുദ്ധം മൂലമുണ്ടായ താല്‍ക്കാലിക സമ്രുദ്ധി അവസാനിച്ചിരിക്കുന്നു.. അതിന്റെ കാലം കഴിഞ്ഞു.
തിരികെ വരുന്ന വഴി താറാ മുതുക്കി പറഞ്ഞു.
“എന്നാലും എന്റെ സാറേ അവര് ഒരു കട്ടന്‍ കാപ്പി പോലും തന്നില്ലല്ലോ”
“കൊച്ചമ്മേ നമ്മടെ രണ്ടു പെരടേം വീട്ടിന്ന്‍ കുവൈറ്റില്‍ ആരുമില്ല. മക്കള് അവിടെ ഉള്ളോര്‍ക്ക് താല്പ്പര്യോമില്ല പിന്നെന്തിനു പ്രാര്‍ത്ഥന.ഇതാര്‍ക്കു വേണ്ടിയാ? നമ്മളെന്തിനാ മിനക്കെടുന്നെ?”
അവര് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. പാലം കടക്കുവോളം നാരായണ—- എന്ന പുരാതന സൂക്തം മനസ്സില്‍ മിന്നി മറഞ്ഞു.
“ശരിയാ താറാ മുതുക്കി, കുവൈറ്റ് പ്രാര്‍ഥന നമുക്ക് പിരിച്ചു വിടണം” ഞാന്‍ പറഞ്ഞു.
“താറാ, എന്റെ വീട്ടിക്കൂടെ വന്നിട്ട് പോകാം”
പാവം അവര്‍ക്ക് നല്ല വിശപ്പു കാണും. ഞാന്‍ ചിന്തിച്ചു. അവര് സാമ്പത്തികമായി വളരെ പിന്നോക്കമാണ്. ഹിന്ദു പിന്നോക്ക സമുദായത്തില്‍ നിന്നും പള്ളിയില്‍ ചേര്‍ന്നവര്‍. നടക്കാന്‍ വയ്യാത്ത ഭര്‍ത്താവും വിധവയായ മരുമോളും കുട്ടികളും. ദൈവഭക്തയാണെങ്കിലും ഈ പ്രാര്‍ഥനയ്ക്ക് വരാന്‍ പ്രധാന കാരണം നല്ല ശാപ്പടായിരുന്നു എന്ന് എനിക്ക് നന്നായറിയാം.
ഞാനവര്‍ക്ക് കുറച്ചു കഞ്ഞിയും പയറും പപ്പടവും കൊടുത്തു.
കഞ്ഞി കുടിച്ച ശേഷം താറാ മുതുക്കി പറഞ്ഞു.
“നമുക്കൊന്നു പ്രാര്‍ഥിക്കാം”
അവസാനത്തെ കുവൈറ്റ് പ്രാര്‍ഥന!!
“ദൈവമേ കുവൈറ്റില്‍ കെടന്നു കഷ്ട്ടപ്പെട്ട ഞങ്ങളടെ മക്കളെ സുഖമായി നാട്ടില്‍ എത്തിച്ചതിനു നന്ദിയോടെ സ്തോത്ത്രം ചെയ്യുന്നു”
ഇത്തവണനന്ദി എന്ന വാക്ക് അവര്‍ ശരിയായി പ്രയോഗിച്ചു. എനിക്ക് ‘പുറകു വശത്തു’ നുള്ളേണ്ടി വന്നില്ല.
പ്രാര്‍ഥനയ്ക്ക് ശേഷം അവരു പോയി. കുവൈറ്റു പ്രാര്‍ഥനയുടെ കുറെ നല്ല ഓര്‍മ്മകളുമായി. അവര് ഇരുട്ടില്‍ മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു.
ഞാന്‍ ചിന്തിച്ചു. പാവം കുറെ ദിവസം നല്ല ഭക്ഷണം കഴിച്ചു വിശപ്പടക്കി. ചോറു പൊതികൾ വീട്ടിലും കൊണ്ടുപോയി കുടുംബത്തിനും പേരക്കുട്ടികള്‍ക്കും കൊടുത്തു, അവരുടെ പട്ടിണിയകറ്റി.
പാവം നിർധനയായ സ്ത്രീ. അവര്‍ മനസ്സില്‍ അപേക്ഷിക്കുന്നുണ്ടാവാം സദ്ദാം ഹുസ്സൈന്റെ വീണ്ടുമൊരു കുവൈറ്റ് ആക്രമണത്തിനുവേണ്ടി, 
സമ്രുദ്ധിയുടെ ആ ദിനങ്ങളുടെ മടങ്ങി വരവിനു വേണ്ടി, 
ആ നല്ല നാളേക്ക് വേണ്ടി…



                by  --     കോശി മലയിൽ

0 comments:

Post a Comment

To Comment in Malayalam Go This link then copy and paste here http://www.clickeralam.org/malayalam.html